ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം - പുസ്തക നിരൂപണം
June 30th, 2008
പത്തു വർഷം മുമ്പാണു ഞാൻ ആദ്യം ഖസാക്കിന്റെ ഇതിഹാസം വായിച്ചത്. കഴിഞ്ഞ ആഴ്ച അത് വീണ്ടും വായിക്കാൻ ഇടയായി. അതിന്റെ ഗഹനീയതയും ആശയങ്ങളുടെ ആധിക്യവും എന്നെ ആശ്ചര്യപ്പെടുത്തിയ ഒന്നാണ്. മലയാളത്തിൽ വായിച്ചിരിക്കേണ്ട ഒറ്റ നോവൽ ഏതാണെന്നു ചൊദിച്ചാൽ നിസംശയം പറയാം - ഖസാക്കിന്റെ ഇതിഹാസം തന്നെ!
മലയാള സാഹിത്യത്തെ രണ്ടായി തിരിക്കാം. ഖസാക്കിനു മുമ്പും ഖസാക്കിനു ശേഷവും! ഖസാക്കിന്റെ ഇതിഹാസം മലയാള സഹിത്യത്തിലെ ഒരു വിപ്ലവം തന്നെ ആയിരുന്നു. ഈ നോവൽ മലയാളത്തിലെ ഏറ്റവും നല്ല നോവലുകളിൽ ഒന്നാണ്.
ഖസാക്കിന്റെ ഇതിഹാസം താരതമ്യേന ഒരു ചെറിയ നോവൽ ആണ്. ആകെ 180 പേജുകൾ മാത്രം! ഒ വി വിജയൻ പത്തു വർഷത്തിൽ അധികം എടുത്താണു ഈ നോവൽ പൂർത്തിയാക്കിയതത്രെ! ആദ്യത്തെ പതിപ്പ് 1969ൽ ആണ് അച്ചടിച്ചത്. അന്നു തൊട്ടു മലയാളതിൽ ഏറ്റവും വിൽക്കുന്ന പുസ്തകങ്ങളിൽ ഒന്നാണിത്. ഇതിന്റെ ഇംഗ്ലിഷ് പതിപ്പ് ഒ വി വിജയൻ തന്നെ ളോഫ് എന്ന പേരിൽ ഇറക്കിയിട്ടുണ്ട്. ഇതു പരിഭാഷ അല്ല മറിച്ചു ഒരു പുതിയ നോവൽ തന്നെ ആണ്. എന്റെ അഭിപ്രായത്തിൽ ഇംഗ്ലിഷ് പതിപ്പു മലയാളത്തിന്റെ നാലയലത്ത് എത്തില്ല!
ഈ നോവലിലെ നായകൻ രവി ഒരദ്യാപകനായി ആണ് ഖസാക്ക് എന്ന ഗ്രാമത്തിൽ എത്തുന്നത്. നോവൽ തുടങ്ങുന്നതു രവിയുടെ വരവോടെയും അവസാനിക്കുന്നതു രവി ഗ്രാമത്തൊട് വിട പറയുമ്പൊഴും ആണ്(നോവലിന്റെ അവസാനം ഒരു തുടക്കമാണ്). രവി ഒരു വെറും അദ്യാപകൻ മാത്രം അല്ല, ഫിസിക്സിൽ ബിരുദാനന്ദ്തര ബിരുദം നേടിയ ഒരു ബുദ്ധിജീവി കൂടെ ആണ്.
സങ്കീർണ്ണമായ മനുഷ്യ ബന്ധങ്ങളും ഗഹനീയമായ തത്ത്വ ചിന്തകളും ഒരു ജാലവിദ്യക്കാരനെപ്പോലെ വിജയൻ കോർത്തിണക്കിയിരിക്കുന്നു. ഇതു രവിയുടെ കഥ അല്ല മറിച്ചു ഖസാക്ക് ഗ്രാമത്തിലെ ഒരുപാടു പേരുടെ കഥയാണ്.
മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ ഈ നോവലിൽ ഉണ്ട്. മന്ദബുദ്ധിയായ അപ്പുക്കിളി, പള്ളിയിലെ അള്ളാപ്പിച്ച മൊല്ലാക്ക, മൈമൂന, കുഞ്ഞാമിന എന്നിവർ മറക്കൻ പറ്റാത്ത കഥാപാത്രങ്ങൾ ആണ്.
ഇതൊരു ശക്തമായ, ദുഖം നിറഞ്ഞ കഥ ആണ്. മനുഷ്യ വിശ്വാസങ്ങളും, ജീവിത യാഥാർത്ത്യങ്ങളും, സ്വന്തം അനുഭവങ്ങളും വിജയൻ വളരെ തീവ്രമായി അവതരിപ്പിക്കുന്നു. ഇതിലെ ലൈംഗികതയും "കണ്ണിൽ ചൊരയില്ലാത്ത" തമാശകളും ശ്രദ്ധേയമാണ്.
പാലക്കാടൻ ഗ്രാമമായ തസ്രാക് ആണു ഖസക്ക് എന്ന പേരിൽ വിജയൻ വർണ്ണിക്കുന്നത്. ഈ നോവൽ വായിച്ച ശേഷം അവിടം സന്ദർശ്ശിക്കുന്നത് ഒരനുഭവം തന്നെയാണ്. താഴത്തെ ഭാഗം ഒന്നാമത്തെ അധ്യായത്തിൽ നിന്നുള്ളതാണ്.
അവിടെ ഒരു ബെഞ്ചിലിരുന്നുകൊണ്ടു രവി കൂമൻ-കാവിന്റെ ചിത്രമുൾക്കൊള്ളുവാൻ ശ്രമിച്ചു. നിലത്തറഞ്ഞ തേക്കിൻ-കുറ്റികളിൽ കെട്ടി നിർത്തിയിട്ടുള്ള നാലഞ്ച് ഏറുമാടങ്ങൾ ആയിരുന്നു കൂമൻ-കാവങ്ങാടി. പാതയവസാനിക്കുന്നിടം ചെറിയൊരു മൈതാനമായിരുന്നു. അതിനു ചുറ്റുമാണ് ഏറുമാടങ്ങൾ കിടന്നത്. അവയുടെ പുറകിൽ തൂവരക്കാടുകളിലും വാഴക്കൂട്ടങ്ങളിലും നഷ്ടപ്പെട്ട കുടിലുകൾ. അവയ്ക്കെല്ലാം മുകളിൽ ബലിഷ്ടകായന്മാരായ മുത്തച്ചന്മാരെപോലെ പടർന്നു നിന്ന മാവുകൾ. നീല ഞരബോടിയ പരന്ന തണലുകൾ.
ഈ ബുക്കൊരു ദിവസം കൊണ്ടു വേണമെങ്കിൽ വായിച്ചു തീർക്കാം. പക്ഷെ ഈ ബുക്ക് ശരിക്കാസ്വദിക്കണമെങ്കിൽ ഇത് വളരെ പതുക്കെ വായിക്കണം. ഒരു ദിവസം ഒരു അധ്യായം എന്ന സ്പീഡിൽ! വെറൊരു പ്രത്യേകത ഓരൊ പ്രാവശ്യം വായിക്കുമ്പോഴും ഒരു പുതിയ ചിത്രമാണ് കിട്ടുക എന്നുതാണ്. വിജയൻ വർഷങ്ങൾ എടുത്ത് വീണ്ടും വീണ്ടും മാറ്റിയെഴുതിയതിന്റെ രഹസ്യവും അതു തന്നെ!
എഴുത്തുകാരൻ : ഒ വി വിജയൻ
പ്രസാധകൻ : ഡി സി ബൂക്സ്
പേജുകൾ : 182
വില : 75 രൂപ
എന്റെ മാർക്ക് : പത്തിൽ ഒൻപതര (9.5/10)
സമാനമായ രചനകള്